സവർക്കർ ഉൾപ്പെട്ട വിവാദ ക്വിസ്… അധ്യാപകന്റെ സസ്പെൻഷന് സ്റ്റേ…


കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി രണ്ട് മാസം കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ കെ. ഗുരുപ്രസാദ് റായിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ സസ്പെൻഷന് നേരത്തെ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു.

ഓഗസ്റ്റ് 19ന് അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രണ്ട് മാസം കൂടി നീട്ടിയത്. സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരത്തിനായാണ് വിവാദ ചോദ്യാവലി തയ്യാറാക്കിയത്. എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ഓഗസ്റ്റ് ആറിന് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് പരിപാടിയിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് ഒമ്പതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്തത്.
أحدث أقدم