പെൺകുട്ടികൾക്ക് നേരെ യുവാവിൻറെ നഗ്നതാ പ്രദർശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെൺകുട്ടികൾ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിൻറെ അതിക്രമം നടന്നത്. ഇന്നലെ രാത്രി 9.45 ഓടെയായായിരുന്നു സംഭവം. വിദ്യാർത്ഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തി ഗേറ്റ് തുറന്ന യുവാവ് മൊബൈൽ ഫോണിലെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കിയ ശേഷം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടികൾ ഇയാളുടെ അതിക്രമം തുടർന്നപ്പോൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇതോടെ ഇയാൾ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.

ചുറ്റുവട്ടവും വീടുകൾ ഉള്ള ജനവാസ മേഖലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാൾ വീടിൻറെ ചുറ്റവട്ടത്ത് കറങ്ങിത്തിരിഞ്ഞിരുന്നതായി പെൺകുട്ടികൾ പറയുന്നു. ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറിൽ മുഖം കാണുന്ന തരത്തിലുള്ള ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്. കോഴിക്കോട് മുക്കം സ്വദേശിനിയായ സ്ഥാപന ഉടമയയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസിൽ ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.