ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റ് മരിച്ച നിലയിൽ



ദില്ലി: വസന്ത് കുഞ്ചിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സണ്ണി അസൽദേകറിനെയാണ് ഹോട്ടൽ ദി ഗ്രാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.സെപ്റ്റംബർ 10നാണ് സണ്ണി അസൽദേകർ ഹോട്ടലിൽ മുറിയെടുത്തത്. അടുത്ത ദിവസം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.മാനേജർ മുറിയിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണി അസൽദേകറെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 194 പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തുക

أحدث أقدم