
കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തുടരന്വേഷണം ആരംഭിച്ചു. കേസിൽ ആദ്യം പരാതിക്കാരായ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സംഭവം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും എസ്‌ഐടി പരിശോധിക്കും. കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമോയെന്നും അന്വേഷണ സംഘം പരിശോധിക്കും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.
ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിക്ക് പരുക്കേറ്റതിനെ തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് വീണാ ജോർജ് മൊഴി നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ കേസിലെ വകുപ്പുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമായിരിക്കും എസ്‌ഐടി തുടർനടപടികളിലേക്ക് കടക്കുക