കുട്ടികളെ പൂട്ടിയിട്ട്, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച്...




തൃശൂർ : കുടുംബ പ്രശ്നങ്ങളെ തുടർന്നു രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് വിദഗ്ധമായി പൊളിച്ചു. അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിട്ടുമാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കുന്നമംഗലം സിഐ കെപി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്സും ഇടപെട്ടാണ് കുട്ടികളെയും യുവാവിനെയും രക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിൽ ആണ് സംഭവം. തർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽ നിന്നു ഇറക്കി വിട്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന വിവരം പൊലീസിനു ലഭിക്കുന്നു. പട്രോൾ സംഘത്തിലെ എഎസ്ഐ പി സഫിയയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പൊലീസ് എത്തിയെങ്കിലും ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.

യുവാവുമായി ഒരു മണിക്കൂറോളം സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും വാതിൽ തുറക്കാൻ തയാറാകാത്തതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസ് സംഘവും ചേർന്ന് വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. തുടർന്ന് യുവാവിനെ കീഴടക്കി കുട്ടികളെ രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിനിടെ സിഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു.

ജീവൻ അപായപ്പെടുത്താനുള്ള രീതിയിൽ പ്രവർത്തിച്ചതിനു ബിഎൻഎസ് പ്രകാരവും രക്ഷാകർതൃത്വം ഉള്ള കുട്ടികളോട് ക്രൂരമായി പെരുമാറിയതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. സിഐ കെപി അഭിലാഷ്, എഎസ്ഐ പി സഫിയ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, ഹോംഗാർഡ് മോഹനൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post