ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്ത്


        

പാലക്കാട്: മുണ്ടൂരിൽ ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മൈലംപുള്ളിയിൽ ടോൾ ബൂത്ത് നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയത്. നിർമാണസ്ഥലം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം യൂത്ത് ലീഗും ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയ നിർമാണം മൂലം സ്ഥിരം അപകടങ്ങൾ നടക്കുന്ന റോഡിൽ ടോൾ പിരിവ് അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും പ്രതിഷേധക്കാരുടെയും ആവശ്യം. 


രണ്ടു വരി പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്തുന്നത് അസാധാരണ നടപടിയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.ദേശീയപാത 966-ലെ മൈലംപുള്ളിയിലാണ് പുതിയ ടോൾ പ്ലാസയുടെ നിർമാണം അധികൃതർ വേഗത്തിലാക്കിയത്. 200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകൽ–താണാവ് പാത വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി ഇവിടെ ടോൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.നേരത്തെ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ടോൾ ഗേറ്റിന് സമീപത്തെ ചെർപ്പുളശ്ശേരി പാതയിലൂടെ പോകുന്ന യാത്രക്കാർക്കും ടോൾ നൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു. ഇതോടെ പദ്ധതി നിർത്തിവെക്കുകയായിരുന്നു.മുണ്ടൂരിലെ പദ്ധതി ഉപേക്ഷിച്ച് മൂന്ന്–നാല് വർഷങ്ങൾക്ക് ശേഷമാണ് ടോൾ പ്ലാസ മൈലംപുള്ളിയിലേക്ക് മാറ്റിയത്. എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി പുനഃസ്ഥാപിച്ചതെന്നാണ് ടോൾ വിരുദ്ധ സമിതിയുടെ ആരോപണം.

റോഡ് വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും ആവശ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പലയിടത്തും ആവശ്യത്തിന് സ്ഥലം പോലും ഏറ്റെടുത്തിട്ടില്ലെന്നും സമരക്കാർ ആരോപിക്കുന്നു. റോഡിലെ അശാസ്ത്രീയ വളവുകളും മറ്റ് തകരാറുകളും കാരണം മേഖലയിൽ അപകടങ്ങൾ പതിവാണെന്നും ഇവർ പറയുന്നു.ഇതിനെതിരെയാണ് മൈലംപുള്ളിയിലെ നിർമാണസ്ഥലം ഉപരോധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവിടെ ഒരു കാരണവശാലും ടോൾ ബൂത്ത് നിർമിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് നിർമാണവുമായി മുന്നോട്ടുപോയാൽ നിർമാണം പൊളിച്ചുമാറ്റുമെന്നും അവർ പറഞ്ഞു.വരും ദിവസങ്ങളിൽ മറ്റ് രാഷ്ട്രീയ പാർട്ടികളും വിവിധ ബഹുജന സംഘടനകളും ടോൾ പ്ലാസയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ്

أحدث أقدم