ജർമനിയിലെ ഔഗ്‌സ്ബുർഗ് സെൻട്രൽ റെയിൽവേ ‌സ്റ്റേഷന് സമീപം സ്ഫോടനം, അപായസൂചന നൽകി പൊലീസ് നായ; സ്റ്റേഷൻ പൂർണ്ണമായി ഒഴിപ്പിച്ചു...



ബർലിൻ: -  ജർമനിയിലെ ഔഗ്‌സ്ബുർഗ് സെൻട്രൽ റെയിൽവേ ‌സ്റ്റേഷന് സമീപമുള്ള ജ്വല്ലറിക്ക് മുന്നിൽ സ്ഫോടനം. ഇന്ന് (ബുധൻ) പുലർച്ചെ 3:15-ഓടെ ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 17 വയസ്സുള്ള പെൺകുട്ടിക്കും 18 വയസ്സുള്ള ആൺകുട്ടിക്കും പരുക്കേറ്റു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല. ശക്തമായ ശബ്ദതരംഗങ്ങൾ കാരണം പരുക്കേറ്റതായാണു റിപ്പോർട്ട്. ജ്വല്ലറിയുടെ ചില്ലുകൾ തകർന്നു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഔഗ്സ്ബുർഗ് വഴിയുള്ള ട്രെയിൻ സർവീസുകളും സമീപത്തെ റോഡ് ഗതാഗതവും പൂർണമായി നിർത്തിവച്ചിരുന്നു. എന്നാൽ മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചത്.


സംഭവസ്‌ഥലത്ത് കൂടുതൽ സ്ഫോടകവസ്‌തുക്കൾ ഉണ്ടെന്ന സംശയത്തിൽ ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പൊലീസ് ഓഫിസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ‌ിഫർ ഡോഗ് റെയിൽവേ സ്റ്റേഷനിലെ മാലിന്യത്തൊട്ടിക്ക് സമീപം അപായ സൂചന നൽകിയതിനെ തുടർന്നാണ് സ്റ്റേഷൻ പൂർണമായി ഒഴിപ്പിച്ചത്.

റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ടല്ല ഈ ആക്രമണം നടന്നതെന്നും, സംഘടിത കുറ്റകൃത്യ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സ്ഫോടനം നടന്ന നടപ്പാത കേന്ദ്രീകരിച്ച് അന്വേഷണം അന്വേഷണം പുരോഗമിക്കുകയാണ്.



أحدث أقدم