‘

മലപ്പുറം: കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി, സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തേയും ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിക്കോ സർക്കാരിനോ തനിക്കോ ഈ നിലപാടിനോട് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിട്ടുകളിൽ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകളെന്നും ജീവിതത്തിന്റെ മുഖ്യധാരയിലെ എല്ലാ മേഖലകളിലും സ്ത്രീകൾ പങ്കെടുക്കേണ്ടവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയിൽ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടവരാണെന്നാണ് ഇസ്‌ലാമിക ചരിത്രവും പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു . പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നുവെന്നും രണ്ടാം ഭാര്യ ആയിഷ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹർ കുറയ്ക്കാനുള്ള തീരുമാനത്തെ ഒരു സ്ത്രീ ചോദ്യം ചെയ്ത സംഭവവും മുഖ്യമന്ത്രി പരാമർശിച്ചു. രാജസദസ്സിൽ സ്ത്രീകൾക്ക് ഇടമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ചരിത്ര സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്കൊപ്പം സർക്കാരുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തിയത്