യുഡിഎഫിൽ വീണ്ടും വിജിലൻസ് കുരുക്ക്… ചാലക്കുടി എംഎൽഎക്കെതിരെ….



തൃശൂർ: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനും കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനുമെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ നൽകിയ പരാതിയിലാണ് കോടതി നടപടി. 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി 2013ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചെന്നാണ് പരാതിക്കാരന്റെ മൊഴി. പട്ടയം ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

പണം നൽകില്ലെന്ന് അറിയിച്ചതോടെ പിന്നീട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അതും നൽകാതിരുന്നതിന് പിന്നാലെ പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ദേവേന്ദ്രൻ ആരോപിച്ചു. സനീഷ് കുമാർ ജോസഫിനൊപ്പം കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇരുവർക്കും പുറമെ ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. അതേസമയം, തനിക്കെതിരായ പരാതി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണെന്ന് രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്ക് പിന്നിൽ പാർട്ടിയിലെ ചിലരാണെന്നും രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. മാണി സി. കാപ്പൻ എംഎൽഎയ്ക്ക് പിന്നാലെ യുഡിഎഫിലെ മറ്റൊരു എംഎൽഎയും വിജിലൻസ് കേസിൽ കുരുക്കിലായിരിക്കുകയാണ്.

Previous Post Next Post