
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സാധാരണയായി ഉയരുന്ന സമുദ്രനിരപ്പും തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കവുമാണ് പ്രധാന ആശങ്ക. എന്നാൽ ഇതിനൊപ്പം മറ്റൊരു ഗുരുതര പ്രതിഭാസം കൂടി തീരമേഖലകളെ ബാധിക്കുന്നതായി ഗവേഷകർ. കടൽനിരപ്പ് ഉയരുന്നതിനൊപ്പം പല പ്രദേശങ്ങളിലും ഭൂമിയുടെ ഉപരിതലം തന്നെ പതുക്കെ താഴേക്ക് അമർന്നുകൊണ്ടിരിക്കുകയാണ്.
‘ലാൻഡ് സബ്സിഡൻസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രകൃതിദത്തമായ ഭൗമപ്രക്രിയകളുടെ ഭാഗമായും മനുഷ്യന്റെ ഇടപെടലുകളുടെ ഫലമായും സംഭവിക്കാം. ഭൂനിരപ്പ് താഴുന്നതോടെ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതം കൂടുതൽ രൂക്ഷമാകുകയും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിക്കുകയും ചെയ്യും. റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ഇത് വലിയ ഭീഷണിയാണ്.
അമേരിക്കൻ തീരപ്രദേശങ്ങളിൽ ഭൂമി എത്രത്തോളം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തുന്നതിനായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെയും വെർജീനിയ ടെക്കിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്.