അനധികൃത മദ്യനിർമാണവും വിൽപനയും; കുവൈറ്റിൽ നാല് ഇന്ത്യക്കാർ അറസ്റ്റിൽ



ജഹ്റ ഗവർണറേറ്റിലെ മരുഭൂമി പ്രദേശത്ത് അനധികൃതമായി പ്രാദേശിക മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തെന്ന കേസിൽ നാല് ഇന്ത്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദലി റോഡിനോട് ചേർന്നുള്ള മരുഭൂമിയിലെ ഒരു ഫാം കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫാം തിരിച്ചറിഞ്ഞ പൊലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തി. റെയ്ഡിനിടെ മദ്യം നിർമിക്കുന്നതിനിടയിൽ മൂന്ന് പേരെ പൊലീസ് കൈയോടെ പിടികൂടി. മദ്യം വാങ്ങാനായി ഫാമിലെത്തിയ നാലാമനെയും അറസ്റ്റ് ചെയ്തു. ഇയാൾ വാങ്ങുന്ന മദ്യം പിന്നീട് മറിച്ചുവിൽക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.



വിൽപനയ്ക്കായി തയ്യാറാക്കിയ 236 പ്ലാസ്റ്റിക് കുപ്പികളിലുണ്ടായിരുന്ന പ്രാദേശിക മദ്യവും നിരവധി ബാരലുകളും മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളും പണവും പോലീസ് പിടിച്ചെടുത്തു.
ഫാം അനധികൃത മദ്യനിർമാണത്തിനും സംഭരണത്തിനും വിൽപനയ്ക്കുമായി ഉപയോഗിച്ചിരുന്നതായി മൂന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നാലാമൻ മദ്യം വാങ്ങി വീണ്ടും നൽകുന്നതായി സമ്മതിച്ചു. മറ്റ് നാല് പേരിൽ മൂന്ന് പേർക്ക് നേരത്തെ തന്നെ വിവിധ കേസുകളിൽ അറസ്റ്റ് വാറൻ്റുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ വഞ്ചനയുമായി ബന്ധപ്പെട്ട കേസുകളും. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി ഉപയോഗിച്ചിരുന്ന ഫാം നീക്കം ചെയ്യുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി അധികൃതർ ഏകോപനം നടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

أحدث أقدم