കണ്ണൂർ: ആഡംബര കാർ യാത്ര വിവാദത്തിൽ മന്ത്രി കെ.എം. ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതിനാലാണ് കാറിന്റെ പേരിൽ കെ.എം. ഷാജിയെ വിമർശിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ വാഹനം ഉപയോഗിക്കാതെ കെ.എം. ഷാജി സർക്കാരിന്റെ പണം ലാഭിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇത് സൗജന്യമല്ല, സൗകര്യമാണെന്നും സൗജന്യവും സൗകര്യവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ടും സണ്ണി ജോസഫ് പ്രതികരിച്ചു. മന്ത്രിമാർ വിദേശയാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കണ്ണൂർ തില്ലങ്കേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ യാക്കൂബിന്റെ റേഞ്ച് റോവർ കെ.എം. ഷാജി ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതാണ് വിവാദമായത്. മൂന്ന് ദിവസം മുൻപ് കെ.എം. ഷാജി റേഞ്ച് റോവർ തിരികെ ഏൽപ്പിച്ചിരുന്നു. തുടർന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എം. ഷാജി വിഷയത്തിൽ പ്രതികരിച്ചത്. റേഞ്ച് റോവർ താൻ മന്ത്രിയായപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും നടപടി ക്രമങ്ങൾ പാലിച്ച് സുഹൃത്തുക്കളുടെ വാഹനങ്ങൾ ഇനിയും ഉപയോഗിക്കുമെന്നും ഷാജി വ്യക്തമാക്കി.


വാഹന വിവാദത്തിൽ സിപിഎം നേതാക്കളായ ചിന്ത ജെറോമിനെയും കെ.ടി. ജലീലിനെയും പരിഹസിച്ചും കെ.എം. ഷാജി രംഗത്തെത്തി. തന്റെ വാഹനത്തിൽ വ്യാജ വാഴക്കുല ഇല്ലെന്നും വീട്ടിലിരിക്കുന്ന മന്ത്രിയല്ലെന്നും പരാമർശിച്ചായിരുന്നു വിമർശനം. തന്റെ പിന്നാലെ പോകുന്നതിന് പകരം തന്നെ സഹായിക്കുന്ന സുഹൃത്തുക്കൾ അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടോ എന്നാണ് മാധ്യമങ്ങളും പൊതുസമൂഹവും പരിശോധിക്കേണ്ടതെന്നും കെ.എം. ഷാജി പറഞ്ഞു. അതേസമയം, കെ.എം. ഷാജിക്കെതിരായ പ്രതിപക്ഷ വിമർശനം തുടരുകയാണ്. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന ഷാജിയുടെ പ്രതികരണവും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.