
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റം താൽക്കാലികമായി നിർത്തിവച്ച് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുസ്ഥലംമാറ്റ നടപടികൾ നടത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. ആശുപത്രികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് നിലവിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഭരണപരമായ ആവശ്യങ്ങൾക്കുള്ള സ്ഥലംമാറ്റങ്ങളും പ്രമോഷൻ വഴിയുള്ള നിയമനങ്ങളും മാത്രമായി നടപടികൾ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുമാണ് പ്രിൻസിപ്പൽ സെക്രട്ടറി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ പൊതുസ്ഥലംമാറ്റം നിർത്തിവച്ച നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലംമാറ്റം ഒഴിവാക്കിയതിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിയൊരുങ്ങുമെന്ന ആരോപണവും പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നു. പൊതുസ്ഥലംമാറ്റം മരവിപ്പിച്ചതോടെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. പുതിയ ഉത്തരവ് വരുന്നതുവരെ നിലവിലെ നിയന്ത്രണം തുടരും