
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഗണപതിയുടെ ചിത്രവുമായി ബിരിയാണിക്കടയുടെ പരസ്യം പ്രദർപ്പിച്ച ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് പതിപ്പിച്ച ഓഫർ ബാനറിൽ ഗണപതി ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇത് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് സെൽവരാജ് എന്ന വ്യക്തി നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടൽ ഉടമയ്‌ക്കെതിരെ നടപടി എടുത്തത്. സംഭവത്തിൽ ബിരിയാണി കട ഉടമ എം.ജയന്ത് ആണ് അറസ്റ്റിലായത്. പരാതിക്ക് പിന്നാലെ ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാനർ പോലീസ് അഴിച്ചുമാറ്റി.
തിരുനെൽവേലി നഗരത്തിലെ വി.എം. ചത്രം പാലത്തിന് സമീപമുള്ള കല്യാണം ബിരിയാണി കടയിലാണ് ‘അറബിക്-സ്റ്റൈൽ ചിക്കൻ 65 ബിരിയാണി’ക്ക് 99 രൂപയുടെ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ബാനർ സ്ഥാപിച്ചത്. ഈ ഓഫർ ഇന്നും നാളെയും (സെപ്റ്റംബർ 13, 14) മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കടയുടമ കടയ്ക്ക് മുന്നിൽ ബാനർ പ്രദർശിപ്പിച്ചത്. തമിഴിൽ ‘വിനായക ചതുർത്ഥി സ്പെഷ്യൽ’ എന്ന് എഴുതിയ ഫ്ലെക്സിൽ, വലിയ ഒരു ബിരിയാണി ചെമ്പിന് മുന്നിൽ നിന്ന് ഗണപതി ഭഗവാൻ ബിരിയാണി അലങ്കരിക്കുന്ന (ഗാർണിഷ് ചെയ്യുന്ന) രീതിയിലാണ് ചിത്രം ചിത്രീകരിച്ചിരുന്നത്.