
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ പ്രമോദ് നാരായണിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ. 2014 – 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപം ചെയ്തത്. ഷെയറും ലാഭ വിഹിതവും വാഗ്ദാനം നൽകി സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു.