ആന്റോ അഗസ്റ്റിന്റെ വീട് ജപ്തിയായപ്പോൾ ലേലത്തിൽ പിടിച്ചത് ഭാര്യാമാതാവിന്റെ പേരിൽ; കോടികളുടെ സ്വത്ത് ലേലത്തിൽ തിരിച്ചുപിടിച്ചതിലും ദുരൂഹത



കോഴിക്കോട്: മദ്യക്കേസിന് പിന്നാലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റി മറ്റൊരു സാമ്പത്തിക ഇടപാടും ചർച്ചയാകുന്നു. ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ലേലത്തിൽ ഭാര്യാമാതാവ് സ്വന്തമാക്കിയ നടപടിയിലാണ് ഇപ്പോൾ ദുരൂഹത ഉയരുന്നത്.

വീടും 36.25 സെൻ്റ് സ്ഥലവും ഈടുവച്ച് പൊതുമേഖലാ ബാങ്കിൽനിന്നെടുത്ത 13.57 കോടി രൂപയുടെ വായ്‌പ കുടിശ്ശികയായതിനെ തുടർന്ന് ബാങ്ക് സ്വത്ത് ലേലത്തിൽവെക്കുകയായിരുന്നു. 2022 ജൂൺ 30ന് നടന്ന ഓൺലൈൻ ലേലത്തിൽ ആന്റോയുടെ ഭാര്യാമാതാവ് ലില്ലി മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. കോടികൾ വിലമതിക്കുന്ന സ്വത്ത് രണ്ട് കോടി രൂപയ്ക്കാണ് ലില്ലിയുടെ പേരിൽ ലേലത്തിലൂടെ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ലേലത്തിലൂടെ സ്വത്ത് സ്വന്തമാക്കിയെങ്കിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബാങ്ക് അധികൃതർ ഇതുവരെ സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ കെട്ടിടനികുതി അടയ്ക്കുന്നതും സ്വത്തിൻ്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട രേഖകളും ഇപ്പോഴും ആൻ്റോയുടെ പേരിലാണ്.

നാലുവർഷം മുൻപ് ബാങ്ക് ജപ്‌തി ചെയ്‌ത ഈ വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം അനുവദനീയമായ അളവിൽക്കവിഞ്ഞ മദ്യം പിടികൂടിയത്. വീട് തന്റെ പേരിലല്ലെന്ന വാദം ഉന്നയിച്ച് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആന്റോ ഹൈക്കോടതിയിലടക്കം വാദിച്ചിരുന്നു.

എന്നാൽ, ഭാര്യാമാതാവ് ലേലത്തിൽ സ്വത്ത് സ്വന്തമാക്കിയെന്ന വിവരം മറച്ചുവെച്ച് ബാങ്കിന്റെ പഴയ വിൽപ്പന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെട്ടിടനികുതി ഇപ്പോഴും ആന്റോ തന്നെയാണ് അടയ്ക്കുന്നതെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ആന്റോ ആരംഭിച്ച ‘ഏഷ്യൻ മോട്ടോഴ്സ്’ എന്ന വാഹനഷോറൂമിന്റെ നടത്തിപ്പിനെന്ന പേരിലാണ് 2013ൽ പൊതുമേഖലാ ബാങ്കിൽനിന്ന് വായ്പയെടുത്തത്. ചൈനയിൽനിന്ന് എം.എം.ഡബ്ല്യു. ട്രക്കുകൾ ഇറക്കുമതി ചെയ്ത് ഡീലർഷിപ്പ് നടത്തുന്നതിനുള്ള സ്ഥാപനമാണെന്ന് ബാങ്കിനെ അറിയിച്ചായിരുന്നു വായ്പാ നടപടികൾ.

വിൽപ്പനയ്ക്കായി വാഹനങ്ങളും അനുബന്ധ ഭാഗങ്ങളും വാങ്ങുന്നതിനായി 11.57 കോടി രൂപയുടെ കാഷ് ക്രെഡിറ്റും 10 വാഹനങ്ങൾ വാങ്ങുന്നതിനായി രണ്ട് കോടി രൂപയുടെ ടേം ലോണുമാണ് അനുവദിച്ചതെന്നാണ് വിവരം.

പിന്നീട് ബാങ്ക് നടത്തിയ പരിശോധനയിൽ ഷോറൂമിൽ പ്രദർശിപ്പിക്കാനോ വിൽപ്പനയ്ക്കോ വാഹനങ്ങൾ വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വായ്പാ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ബാങ്ക് ആരംഭിക്കുകയും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു.

ഇതിന്റെ തുടർനടപടിയായാണ് വീടും സ്ഥലവും 2022ൽ ലേലത്തിൽവെച്ചത്. 36.25 സെന്റ് സ്ഥലത്തിൽ വീടുൾപ്പെടുന്ന ഭാഗം മാത്രം 11.25 സെന്റോളം വരും. ഓൺലൈൻ ലേലത്തിൽ ഭാര്യാമാതാവ് മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.

ഇതിനിടെ ആന്റോയ്ക്കെതിരെ ഉയരുന്ന മറ്റൊരു ആരോപണവും ബാങ്ക് രേഖകളുമായി ബന്ധപ്പെട്ടാണ്. 2013ലെ വായ്പയ്ക്ക് ഈടായി നൽകിയ അതേ വീടും സ്ഥലവും പിന്നീട് മറ്റൊരു പൊതുമേഖലാ ബാങ്കിലും പണയംവെച്ച് വായ്പയെടുത്തതായാണ് ആരോപണം.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് അധികൃതർ ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെ ആന്റോയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും രേഖകളും പുറത്തുവരുമോയെന്നതാണ് ശ്രദ്ധേയം.
أحدث أقدم