
കർണാടകയിലെ മൈസൂരിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷ എന്ന പെൺകുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്കൂൾ ബസിൽ വരുന്ന നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ. അമ്മ കുഞ്ഞിനെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തുടർന്ന് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.
കുട്ടി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) പൊലീസ് കേസെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്