എകെജി സെന്‍റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്, രാവിലെ 10 മണിക്ക്…


തിരുവനന്തപുരം : എ കെ ജി സെന്‍ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. 

എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയില്‍ ആണ് നടപടി. 

സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസില്‍ദാർ ആവശ്യപ്പെട്ടു. 

1977 ല്‍ എ കെ ആന്‍റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കൈയ്യേറിയെന്നതടക്കമുള്ള പരാതികള്‍ ഉയർന്നതോടെ വിവാദമായി. 

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.
أحدث أقدم