വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ… 17 സംസ്ഥാനങ്ങളിൽ എസ്എസ്ആർ….



ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ നിലപാടുകളിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം (എസ്എസ്ആർ) നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടിക പരിശോധിക്കാൻ കഴിയുന്ന ഡിജിറ്റൽ കോപ്പികൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണിവ.

രാജ്യവ്യാപകമായി നടത്തിയ എസ്ഐആർ നടപടികളിൽ 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്ന വിമർശനം ശക്തമായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. വോട്ടർ പട്ടികയുടെ മെഷീൻ റീഡബിൾ കോപ്പികൾ നൽകണമെന്ന ആവശ്യത്തോട് സ്വകാര്യത ചൂണ്ടിക്കാട്ടി നേരത്തെ കമ്മീഷൻ വിയോജിപ്പ് അറിയിച്ചിരുന്നു. എസ്ഐആർ നടപടികളുടെ ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള എസ്എസ്ആർ താൽക്കാലികമായി നിർത്തിവച്ചത് 18 വയസ് തികഞ്ഞ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമായെന്ന വിമർശനവും ഉയർന്നിരുന്നു. പൗരത്വം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും മുൻകാല വോട്ടർ പട്ടികകളുമായി വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യുന്ന സങ്കീർണമായ നടപടിയാണ് എസ്ഐആർ. അതേസമയം, പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നിലവിലുള്ള പട്ടിക പുതുക്കുന്നതിനുമുള്ള വാർഷിക നടപടിക്രമമാണ് എസ്എസ്ആർ

أحدث أقدم