തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഡിറ്റ് (C-DIT) വഴി വാങ്ങിയ സോഫ്റ്റ്വെയർ ഉപയോഗിക്കാത്തതുമൂലം സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം. കെഎസ്എഫ്ഇ ചിട്ടിക്കായി വൻ തുക മുടക്കി സബ്സ്ക്രിപ്ഷൻ എടുത്ത സോഫ്റ്റ്വെയർ ഒരു തവണ പോലും ഉപയോഗിച്ചില്ലെന്നാണ് കണ്ടെത്തൽ. പൊതുപണം നഷ്ടമായതിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും അണ്ടർ സെക്രട്ടറിയും ഫയലിൽ എഴുതിയെങ്കിലും, മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇത് നിസ്സാരവൽക്കരിക്കുകയായിരുന്നു.
ഒരു വർഷത്തെ ഉപയോഗത്തിനായി 33 ലക്ഷം രൂപയായിരുന്നു സോഫ്റ്റ്വെയറിന്റെ സബ്സ്ക്രിപ്ഷൻ തുക. എന്നാൽ വലിയ തുക മുടക്കി വാങ്ങിയിട്ടും ഇത് പ്രയോജനപ്പെടുത്തിയില്ല. ഇതുസംബന്ധിച്ച് ഐടി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മേലധികാരികൾക്ക് നൽകിയ പരാതിയെത്തുടർന്നാണ് വകുപ്പുതല അന്വേഷണം നടന്നത്. വലിയ തുക മുടക്കി സോഫ്റ്റ്വെയർ വാങ്ങിയിട്ടും ഉപയോഗിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് 2022-ൽ അന്നത്തെ ഐടി സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ഫയലിൽ രേഖപ്പെടുത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. അണ്ടർ സെക്രട്ടറിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയപ്പോൾ ഫയലിലെ ശുപാർശകൾ തള്ളപ്പെടുകയായിരുന്നു.
സോഫ്റ്റ്വെയർ വാങ്ങിയതിൽ വീഴ്ചയില്ലെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് മുൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. സംഭവത്തിൽ വിജിലൻസ് പരിശോധനയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി. അതേസമയം, ഭാവിയിൽ സമാനമായ സോഫ്റ്റ്വെയറുകൾ വാങ്ങുമ്പോൾ കൃത്യമായ പഠനം നടത്തണമെന്നും മുൻ മുഖ്യമന്ത്രി ഫയലിൽ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ സിഡിറ്റ് നടത്തിയ വിവിധ സോഫ്റ്റ്വെയർ പർച്ചേസുകളെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. നിലവിൽ ഈ ഇടപാടുകളെക്കുറിച്ചെല്ലാം വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.