റിട്ട. ജഡ്‌ജിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്… പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ



കൊച്ചി: രാജസ്ഥാനിൽ റിട്ടേർഡായ ജഡ്‌ജിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന സംഘാംഗം കൊച്ചിയിൽ അറസ്റ്റിലായി. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബുവിനെയാണ് (32) രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് വരാപ്പുഴയിൽ നിന്ന് പിടികൂടിയത്. കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തുകയും കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടുകയുമായിരുന്നു.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതികൾ റിട്ടയേർഡ് ജഡ്‌ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി പണം തട്ടിയെടുത്തത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും രാജസ്ഥാൻ പൊലീസും ചേർന്ന് വരാപ്പുഴയിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്. കേസിലെ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ അനൂപ് സി., ഹരീഷ്, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post