
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി. തിരക്കും നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ടതുമുള്ളതിനാൽ ദർശനം വേഗത്തിലാക്കുകയായിരുന്നു. നെയ്‌വിളക്കിനായി 4,000 രൂപയും തുലാഭാരത്തിനായി 2,800 രൂപയുമാണ് ദേവസ്വത്തിൽ അടച്ചത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ചിരകാല സുഹൃത്ത് ടി.കെ. ഗോപാലകൃഷ്ണനെയാണ് ദർശനത്തിനായി പണം അടയ്ക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.
ഗൺമാൻ ഉൾപ്പെടെ നാലുപേരാണ് ദർശനം നടത്തിയത്. ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച് തൊഴുത അദ്ദേഹം ഇടത്തരികത്തുകാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. തുലാഭാരത്തിനായി 68 കിലോ പഞ്ചസാരയാണ് ഉപയോഗിച്ചത്. അതിഥിമന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു. പതിവുപോലെ അതിഥിമന്ദിരത്തിൽ നിന്ന് നടന്നാണ് മുഖ്യമന്ത്രി ക്ഷേത്രദർശനത്തിന് എത്തിയത്. ക്ഷേത്ര കവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധയും അദ്ദേഹത്തെ സ്വീകരിച്ചു. ദർശനത്തിന് പോകുമ്പോഴും മടങ്ങിവരുമ്പോഴും ഭക്തർ സെൽഫിയെടുക്കാൻ തിരക്കുകൂട്ടി. എന്നാൽ ആരെയും നിരാശപ്പെടുത്താതെയാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ നിന്ന് മടങ്ങിയത്