ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് വൻതുകയുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട് നിയമനടപടി. 29.67 കോടി രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് മുംബയ് ആസ്ഥാനമായുള്ള ‘എക്ലാറ്റന്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിർമ്മാണ കമ്പനിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകളിലെ വരുമാനത്തിലും പകർപ്പവകാശത്തിലും നിയമപരമായ അവകാശവാദങ്ങൾ ഉന്നയിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2010 ലെ കരാർ പ്രകാരം കുടിശ്ശിക പൂർണമായി അടച്ചുതീർക്കുന്നത് വരെ മറ്റേതെങ്കിലും വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചേർന്ന് സിനിമാ പ്രവർത്തനം നടത്തുന്നതിന് മുമ്പ് എൻഒസി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട് 2013ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും കമ്പനി നോട്ടീസിൽ പരമാർശിച്ചിട്ടുണ്ട്.
സംവിധായകന്റെ സിനിമയുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ നിർമ്മാണ കമ്പനിയിൽനിന്ന് രേഖാമൂലമുള്ള എൻ.ഒ.സി നേടിയിരിക്കണം. കരാറിന്റെ പരിധിയിൽ വരുന്ന സിനിമകളുടെ അവകാശങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾക്ക് സ്വയം ഉത്തരവാദികളാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
സാമ്പത്തിക കുടിശ്ശികയുമായി ബന്ധപ്പെട്ട് രാം ഗോപാൽ നേരിടുന്ന ആദ്യത്തെ തർക്കമല്ല ഇത്. 2021ൽ അദ്ദേഹത്തിന്റെ ‘ഡി കമ്പനി’ എന്ന ചിത്രത്തിന്റെ റിലീസ് തടയാൻ ഫെഡറേഷൻ ഒഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് ശ്രമിച്ചിരുന്നു. 12 കോടി രൂപയുടെ കുടിശ്ശികയാണ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം, പുതിയ നോട്ടീസ് സംബന്ധിച്ച് സംവിധായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹർഷവർദ്ധൻ റാണെ നായകനാകുന്ന ‘പൊലീസ് കമ്പനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നിലവിൽ രാംഗോപാൽ വർമ്മ