
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പരാതിക്കാരൻ കെ.എം. ഷാജഹാൻ. സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷാജഹാന്റെ പ്രതികരണം. പൊതുപ്രവർത്തകനായ തന്നോട് മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചതായി ഷാജഹാൻ പറഞ്ഞു.
കേസ് ഇല്ലാതാകുമായിരുന്ന ഘട്ടത്തിൽ വിസിൽബ്ലോവറായ പരാതിക്കാരനെ കേൾക്കാനാണ് താൽപ്പര്യമെന്ന കോടതിയുടെ നിരീക്ഷണം തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിൽ തന്നെ ‘അൺസ്ക്രൂപ്പുലസ് ലിറ്റിഗന്റ്’ എന്ന് വിശേഷിപ്പിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ നിർദേശമാണെന്നാണ് ഷാജഹാന്റെ ആരോപണം. സർക്കാരിന്റെ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ച നിലപാടുകൾ തങ്ങളുടെ നിർദേശപ്രകാരമാണെന്ന് സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും ഷാജഹാൻ ആരോപിച്ചു. അതേസമയം, പിണറായി വിജയന് ലഭിച്ച വിജിലൻസ് അന്വേഷണത്തിലെ ഒരാഴ്ചത്തെ സ്റ്റേ താൽക്കാലിക ആശ്വാസം മാത്രമാണെന്നും എഫ്ഐആറോ ഇസിഐആറോ സ്റ്റേ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി വ്യക്തമാക്കിയിട്ടും കൃത്യസമയത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാണ് ഷാജഹാന്റെ മറ്റൊരു ആരോപണം. തുടർന്ന് കേസ് വിജിലൻസിന് കൈമാറാതെ ക്രൈംബ്രാഞ്ചിനും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയതിലൂടെ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെയും കൂട്ടുപ്രതികളെയും രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ യു.ഡി.എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോടും കോൺഗ്രസ് പ്രവർത്തകരോടും മാപ്പുപറയണമെന്നും കെ.എം. ഷാജഹാൻ ആവശ്യപ്പെട്ടു