കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്. അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണിൽ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.


നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം ചെമ്മക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ് ഉൾപ്പെടെ മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചത്. കാലടി സ്വദേശിനി സവിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.