നടൻ ഇമ്രാൻ ഖാന് രാജ്യം വിടണമെന്ന നോട്ടീസ്… ഹർജിയിൽ വാദം പൂർത്തിയാകും വരെ ഇന്ത്യയിൽ….







മുംബൈ: രാജ്യം വിടണമെന്ന നോട്ടീസ് ലഭിച്ച ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം. ഹർജിയിൽ വാദം പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ തുടരാമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 10ന് മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാന് ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) രാജ്യം വിടാൻ നോട്ടീസ് നൽകിയത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025 ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ഒക്ടോബർ 14നാണ് നോട്ടീസ് അയച്ചത്. തുടർന്ന് ഒക്ടോബർ 17ന് ഇമ്രാൻ ഖാന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസും നൽകി. ബിജെപി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെയും പൊലീസ് സമർപ്പിച്ച തെളിവുകളില്ലാത്ത എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. രണ്ട് വയസ്സുമുതൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എഫ്ആർആർഒയുടെ നടപടി ഭരണഘടനാ വിരുദ്ധവും അനിയന്ത്രിതവുമാണെന്നാണ് ഹർജിയിലെ വാദം. നോട്ടീസ് പൂർണമായും റദ്ദാക്കണമെന്നും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്നും ഇമ്രാൻ ഖാൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
Previous Post Next Post