ഡൽഹി മെട്രോ അടച്ചതിൽ സുപ്രീം കോടതിക്ക് അതൃപ്തി… പൊലീസിനോട് റിപ്പോർട്ട് തേടി




ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയിലാണ് കോടതിയുടെ വിമർശനം. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു.

നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനവും പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജീവരക്ഷയും വ്യക്തിസ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. പൗരനായാലും പൊലീസ് ഉദ്യോഗസ്ഥനായാലും ഈ അവകാശങ്ങൾക്ക് തുല്യപ്രാധാന്യമാണുള്ളത്. ഡൽഹിയിലെ തെരുവുകളിലുണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

 പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും നിർദേശിച്ചു. മാർച്ചുമായി ബന്ധപ്പെട്ട് ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം എന്താണെന്നും അതിനായി സ്വീകരിച്ച നടപടികൾ ഏതൊക്കെയാണെന്നും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. ക്രമസമാധാന ചുമതല നിർവഹിച്ച ഡൽഹി പൊലീസും മെട്രോ സർവീസുകൾ അടച്ച ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) റിപ്പോർട്ട് സമർപ്പിക്കണം. പൊതുപ്രതിഷേധങ്ങൾ നിയന്ത്രിക്കുമ്പോൾ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കോടതി ഓർമിപ്പിച്ചു.
Previous Post Next Post