വൈദ്യുതി കണക്‌ഷന് ഇനി ചെലവ് കുറയും; പുതിയ നിരക്കുകൾ അറിയാം



വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഇനി വലിയ തുക ചെലവാക്കേണ്ടിവരില്ല. കണക്‌ഷൻ നിരക്കിൽ 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് പുതുക്കിയ നിരക്കുകൾ 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ കണക്‌ഷൻ എടുക്കുന്നവർക്കും നിലവിലെ കണക്‌ഷനിൽ മാറ്റങ്ങൾ വരുത്തുന്നവർക്കും പുതിയ നിരക്കുകൾ ആശ്വാസമാകും.

കണക്‌ഷനായി പുതിയ വൈദ്യുതിത്തൂണുകളോ ഓവർഹെഡ് ലൈനുകളോ ട്രാൻസ്ഫോർമറുകളോ സ്ഥാപിക്കേണ്ടിവരുമ്പോൾ വലിയ തുക ചെലവഴിക്കേണ്ടിവന്നിരുന്ന സാഹചര്യത്തിനാണ് മാറ്റം വരുന്നത്. ഇനി ആവശ്യപ്പെടുന്ന കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ച തുക അടച്ചാൽ മതിയാകും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കണക്‌ഷനുകൾക്ക് പ്രത്യേക എസ്റ്റിമേറ്റോ ഫീൽഡ് പരിശോധനയോ കാത്തിരിക്കാതെ അപേക്ഷാ ഫീസിനൊപ്പം തുക അടയ്ക്കാനും കഴിയും.

ഗാർഹിക ഉപഭോക്താക്കൾക്ക് 2,000 രൂപ മുതൽ

10 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള കണക്‌ഷനുകൾക്കാണ് സ്ലാബ് അടിസ്ഥാനത്തിലുള്ള നിരക്ക്. രണ്ട് കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ഗാർഹിക ഉപഭോക്താക്കൾക്കായി 2,000 രൂപയുടെ പ്രത്യേക സ്ലാബും പുതുക്കിയ നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിരക്കുകൾ ഇങ്ങനെ:

2 കിലോവാട്ട് വരെ ഗാർഹിക കണക്‌ഷൻ: 2,000
1 കിലോവാട്ട് വരെ മറ്റ് വിഭാഗങ്ങൾ: 2,500
1 മുതൽ 2 കിലോവാട്ട് വരെ: 3,000
2 മുതൽ 5 കിലോവാട്ട് വരെ: 5,000
5 മുതൽ 7 കിലോവാട്ട് വരെ: 8,000
7 മുതൽ 10 കിലോവാട്ട് വരെ: 10,000

ഉയർന്ന ലോഡിനും നിരക്ക് നിശ്ചയിച്ചു

10 കിലോവാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അനുസരിച്ചാണ് നിരക്ക് കണക്കാക്കുന്നത്. 10 മുതൽ 30 kVA/kW വരെ ഓരോ യൂണിറ്റിനും 1,560 രൂപയാണ് നിരക്ക്. 30–40 kVA/kW പരിധിയിൽ 2,890 രൂപയും 40–50 kVA/kW പരിധിയിൽ 4,225 രൂപയും 50–100 kVA പരിധിയിൽ 5,670 രൂപയുമാണ് പുതുക്കിയ നിരക്കുകൾ.

ആർക്കൊക്കെയാണ് പ്രയോജനം?

പുതിയ സർവീസ് കണക്‌ഷൻ എടുക്കുന്നവർ, കണക്ടഡ് ലോഡ് വർധിപ്പിക്കുന്നവർ, ഫേസ് മാറ്റം ആവശ്യപ്പെടുന്നവർ, ഹൈടെൻഷൻ കണക്‌ഷൻ തേടുന്നവർ തുടങ്ങിയവർക്കാണ് പുതിയ പരിഷ്കാരം പ്രധാനമായും ബാധകമാകുന്നത്.

നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾക്കും 1000 കെവിഎ വരെ കണക്ടഡ് ലോഡിനുമാണ് ആദ്യഘട്ടത്തിൽ പെർ കെവിഎ നിരക്ക് ബാധകമാക്കിയിരിക്കുന്നത്. 35 മീറ്റർ വെതർ പ്രൂഫ് വയർ ഇതിന് പുറമേയുള്ള പരിധിയാണ്

കണക്‌ഷൻ ചെലവ് മുൻകൂട്ടി അറിയാനും നടപടിക്രമങ്ങൾ ലളിതമാക്കാനും സഹായിക്കുന്നതാണ് പുതിയ നിരക്ക് സംവിധാനം. എന്നാൽ ഉപഭോക്താവിന്റെ കണക്‌ഷൻ വിഭാഗം, ആവശ്യപ്പെടുന്ന ലോഡ്, മറ്റ് സാങ്കേതിക നിബന്ധനകൾ എന്നിവ അനുസരിച്ച് ബാധകമായ നിരക്ക് വ്യത്യാസപ്പെടാം. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് കെഎസ്ഇബിയുടെ ഔദ്യോഗിക നിരക്കുവിവരങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്.

أحدث أقدم