ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്തെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം നാലാം ദിനത്തിലേക്ക്...




ന്യൂദൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം നാലാം ദിനത്തിലേക്ക്. ഇന്ന് രാഷ്ട്രപതിയെ കാണാനാണ് പ്രതിപക്ഷത്തിന്റ നീക്കം. മമത ബാനർജി, ഉദ്ദവ് താക്കറെ, തേജസ്വി യാദവ് അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ ഇന്ന് ഡൽഹിയിലെത്തിയേക്കും. അതേസമയം നാളെ ഡൽഹിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം നടക്കും. സിജെപി പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അറിയിക്കാനും തെരഞ്ഞെടുപ്പുകൾ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാനും ഒരുങ്ങുകയാണ് പ്രതിപക്ഷം. എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചോ എന്നത് വ്യക്തമല്ല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചെങ്കിലും ഇന്നലെ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമാകാതിരുന്ന സമാജ് വാദി പാർട്ടിയടക്കം ഇന്നലെ രാജ്ഘട്ടിലെ പരിപാടിയിൽ എത്തിയിരുന്നു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എംപിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ, സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എംപിമാരെ പോലീസ് തടഞ്ഞിരുന്നു.

ഇന്നും സമാനമായ ഏതെങ്കിലും ഒരു സ്ഥലത്ത് സമ്മേളിച്ച ശേഷം രാഷ്ട്രപതി ഭവനിലേക്ക് നീങ്ങാനാകും പ്രതിപക്ഷ നീക്കം. സമയം ലഭിച്ചില്ലെങ്കിൽ പോലീസ് എംപിമാരെ തടയും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മമതാ ബാനർജി കൂടി എത്തുകയാണ്. ഉദ്ദവ് താക്കറെയും തേജസ്വി യാദവും വരും ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

അതേസമയം, നാളെ ജന്തർമന്തർ മാർച്ചുമായി സിജെപി എത്തുന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി പോലീസ്. അധിക സേനയെ വിന്യസിച്ചു. പോലീസ് തടഞ്ഞാൽ അവിടെത്തന്നെ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നാണ് സിജെപി പ്രഖ്യാപനം. കൂടുതൽ പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്ത് മാറ്റാൻ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ പോലീസ് ആവശ്യപ്പട്ടു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നും നാളെയും മദ്യഷാപ്പുകൾഅടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post