അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രം മരുന്നില്ല… മരുന്ന് ക്ഷാമത്തില്‍ സഭയില്‍ ഭരണ-പ്രതിപക്ഷ പോര്...




തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും മരുന്ന് ക്ഷാമവും നിയമസഭയില്‍ ഇന്ന് ചൂടേറിയ ചര്‍ച്ചയായി. വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചപ്പോള്‍, ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഊതിവീര്‍പ്പിച്ചതാണെന്ന് പറഞ്ഞ് മന്ത്രി കെ. മുരളീധരന്‍ പ്രതിരോധിച്ചു. കെ.വി. സുമേഷ് എം.എല്‍.എയാണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് സഭയില്‍ സുമേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാതിരുന്നതും മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണമെന്നും നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങളാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണിതെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരന്റെ മറുപടി. 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ടായെങ്കിലും അത് പരിഹരിക്കാന്‍ അടിയന്തര നടപടി എടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. “അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തത്, ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ട്,” എന്ന് വ്യക്തമാക്കിയ മന്ത്രി, പ്രതിപക്ഷം ഏജന്റുമാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും പരിഹസിച്ചു.


മന്ത്രിയുടെ ലാഘവത്തോടെയുള്ള മറുപടികള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. എന്ത് പ്രശ്നം ചൂണ്ടിക്കാണിച്ചാലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുറിച്ച് പറയുകയാണെങ്കില്‍ പിന്നെ ജനങ്ങള്‍ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷം ചോദിച്ചു. മന്ത്രിയുടെ മറുപടി രീതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. മന്ത്രി ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും, പരിണിതപ്രജ്ഞനായ സ്പീക്കര്‍ ഇങ്ങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിയുടെ മറുപടി രീതിയെക്കുറിച്ച് സ്പീക്കര്‍ പരാമര്‍ശിക്കേണ്ടതായിരുന്നുവെന്നും പിണറായി സഭയില്‍ വ്യക്തമാക്കി. തുടര്‍ച്ചയായ ബഹളത്തെ തുടര്‍ന്ന് സഭയില്‍ കടുത്ത സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്.
أحدث أقدم