
ഹൃദയത്തിൽ രണ്ട് കൃത്രിമ വാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയുടെ വാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കാർഡിയോളജി, അനസ്തേഷ്യ, കാർഡിയോതൊറാസിക് വിഭാഗങ്ങൾ സംയുക്തമായാണ് അപൂർവമായ ഈ ചികിത്സാനേട്ടം കൈവരിച്ചത്. ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്ന് മൈട്രൽ വാൽവും അയോട്ടിക് വാൽവും നീക്കംചെയ്ത് പകരം കൃത്രിമ ലോഹ വാൽവുകൾ ഘടിപ്പിച്ച 55 വയസുള്ള സ്ത്രീയുടെ മൈട്രൽ വാൽവിന് സമീപം പുതിയ ലീക്ക് രൂപപ്പെടുകയായിരുന്നു. ഇത്തരം ചോർച്ച പരിഹരിക്കാൻ സാധാരണയായി നെഞ്ച് തുറന്ന് നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. എന്നാൽ രോഗിക്ക് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാതിരിക്കാനായി നൂതനമായ കത്തീറ്റർ അധിഷ്ഠിത ചികിത്സാരീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്. കാലിലെ ഫെമറൽ സിരയിലൂടെ നേർത്ത കുഴൽ (കത്തീറ്റർ) ഹൃദയത്തിനുള്ളിലേക്ക് കടത്തിവിട്ട് ചോർച്ചയുള്ള ഭാഗം പ്രത്യേക പ്ലഗ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു