ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തിൽ പിതാവിനെതിരെ… നവജാത ശിശുവിനെ…






ആലപ്പുഴ: ഹരിപ്പാട് രണ്ട് വയസുകാരൻ രാഹുലിന്റെ മരണത്തിൽ പിതാവ് രാജേഷിനെതിരെ കേസെടുക്കും. ആഭ്യന്തര മന്ത്രിയെ സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചതായി രാഹുലിന്റെ വീട് സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുടുംബത്തിലെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി (സിഡബ്ല്യൂസി) ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതനല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടി പട്ടിണി കിടന്ന് മരിച്ചുവെന്നത് ഏറെ സങ്കടകരമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിലെ ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം നടത്തും.

കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചതടക്കം ഗുരുതരമായ കണ്ടെത്തലുകൾ ഉൾപ്പെട്ട സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയിരുന്നു. മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ കുട്ടിയെ ഏറ്റെടുക്കുന്നതിന് നിയമതടസമില്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഗീത വി നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ നാല് പെൺകുട്ടികളെ സിഡബ്ല്യൂസി നേരത്തേ ഏറ്റെടുത്തിരുന്നു. ജനപ്രതിനിധികളുടെ പരാതിയെ തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തയ്യാറാക്കിയ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലാണ് കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തുവന്നത്.

അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം പിരിക്കാൻ കുട്ടികളെ ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അയൽവാസികൾ നൽകിയിരുന്ന ഭക്ഷണം കുട്ടികൾക്ക് നൽകാതെ രാജേഷും താരയും കഴിച്ചിരുന്നതായും ആശാ വർക്കർമാർ എത്തിച്ചിരുന്ന പോഷകാഹാരങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് മുന്നിൽവെച്ച് ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. രാഹുലിന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും അധികൃതർ ശക്തമാക്കുകയാണ്
Previous Post Next Post