ഇനി യാത്ര കുറച്ച് സുഖകരമാകും..! ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍ തിരിച്ചെത്തി; ചിത്രങ്ങള്‍ പങ്കുവെച്ച്‌ റെയില്‍വേ...



തിരുവനന്തപുരം: കേരളത്തില്‍ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസുകളിലെ നോണ്‍ എസി ചെയർകാർ കോച്ചുകളില്‍ പുഷ് ബാക്ക് സീറ്റ് തിരിച്ചെത്തുന്നു.

ജനശതാബ്ദി എക്സ്പ്രസുകളിലേക്കുള്ള പുതിയ നോണ്‍ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങള്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകള്‍ വൈകാതെ തന്നെ പുതിയ കോച്ചുകളുമായി സർവീസ് ആരംഭിക്കും.

നിലവില്‍ ജനശതാബ്ദിയിലുള്ള നോണ്‍ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച്‌ പരാതികള്‍ വ്യാപകമായിരുന്നു. 90 ഡിഗ്രിയിലുള്ള സീറ്റുകള്‍ ദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു യാത്രക്കാരുടെ പരാതി.

ഇത്തരം സീറ്റുകളില്‍ ഏറെസമയം ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും മൂന്ന് പേർക്കിരിക്കാൻ പരിമിതികളുണ്ടെന്നും പരാതികളുയർന്നിരുന്നു.

ജനശതാബ്ദി എക്സ്പ്രസുകള്‍ എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോണ്‍ എസി കോച്ചുകളിലെ സീറ്റുകളും മാറിയത്. പഴയ ഐസിഎഫ് കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണുണ്ടായിരുന്നത്.

എന്നാല്‍, എല്‍എച്ച്‌ബിയിലേക്ക് മാറിയതോടെ ജനശതാബ്ദിയിലെ സീറ്റുകള്‍ മെമു ട്രെയിനുകളിലെ സീറ്റുകള്‍ക്ക് സമാനമായി. എസി കോച്ചില്‍ മാത്രമാണ് പുഷ്ബാക്ക് സീറ്റുകളുണ്ടായിരുന്നത്.

എല്‍എച്ച്‌ബിയിലേക്ക് മാറിയപ്പോള്‍ സീറ്റുകളെക്കുറിച്ച്‌ യാത്രക്കാരില്‍ നിന്ന് റെയില്‍വേയ്ക്ക് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. അടുത്ത അപ്ഗ്രേഡില്‍ ഇതിന് പരിഹാരം കാണുമെന്നായിരുന്നു റെയില്‍വേയുടെ മറുപടി. ഇതിനൊടുവിലാണ് ജനശതാബ്ദി എക്സ്പ്രസില്‍ അപ്ഗ്രേഡ് വരുന്നതായും പുതിയ നോണ്‍ എസി കോച്ചുകളുമായി ഉടൻ സർവീസ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചിരിക്കുന്നത്.
أحدث أقدم