
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് കേസില് സര്ക്കാര് നിലപാടിനെ വിമര്ശിച്ച് മാത്യു കുഴല്നാടന് എംഎല്എ. കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് വിമര്ശനം ഉയര്ന്നത്. ജനവിധിയെ സര്ക്കാര് മാനിക്കണമെന്നും പിണറായി വിജയനോട് മൃദു സമീപനം പാടില്ലെന്നും മാത്യു കുഴല്നാടൻ യോഗത്തിൽ ആവശ്യപ്പെട്ടു. ‘ഉമ്മന് ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നല്കരുത്’ എന്നും മാത്യു കുഴല്നാടന് യോഗത്തിൽ ആവശ്യപ്പെട്ടു. തൻ്റെ കൂടി പോരാട്ടത്തിന്റെ വിജയമാണ് യുഡിഎഫ് സര്ക്കാറെന്നും കുഴല്നാടന് പറഞ്ഞു.
കോണ്ഗ്രസ് പാര്ല്ലമെന്ററി പാര്ട്ടി യോഗത്തില് സര്ക്കാറിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയര്ന്നത്. വിവിധ വിഷയങ്ങളിലാണ് എംഎല്എമാരുടെ വിമര്ശനം. മന്ത്രിമാരുടെ സമീപനം മാറ്റണമെന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും എംഎല്എമാര് പറഞ്ഞു. പാലക്കാട് വികസനത്തിന് സഹായം ലഭിക്കുന്നില്ലെന്ന് രമേഷ് പിഷാരടി ആരോപിച്ചു. പഴകുളം മധു, എം എം നസീര്, എം വിന്സന്റ് എന്നിവരും വിമര്ശനവുമായി രംഗത്തെത്തി.