
കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിക്ക് മദ്യവും രാസലഹരിയും നൽകിയ ശേഷം രണ്ട് ദിവസത്തോളം ലോഡ്ജിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗക്കേസായതിനാൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു.
ഒഎൽഎക്സിൽ സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്പാ നടത്തിപ്പുകാരായ പ്രതികളെ ബന്ധപ്പെട്ടത്. തുടർന്ന് ജോലിക്കായുള്ള അഭിമുഖത്തിനായി ഇടപ്പള്ളിയിലെ ലോഡ്ജിലെത്തി. അഭിമുഖത്തിന് ശേഷം മടങ്ങിയ യുവതിയെ വൈകുന്നേരം വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അഭിമുഖത്തിന് ശേഷം ജോലിക്കായി തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് തന്നെ ഫോണിൽ വിളിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ലോഡ്ജിലെത്തിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. തുടർന്ന് മദ്യവും രാസലഹരിയും നൽകി പീഡിപ്പിച്ചെന്നാണ് പരാതി. വെള്ളി, ശനി ദിവസങ്ങളിലായാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
യുവതിയുടെ സുഹൃത്തുക്കളാണ് പൊലീസിൽ പരാതി നൽകിയത്. വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ ഭാഗമായുള്ള പരിക്കുകൾ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. ഇതിൽ ഒരാൾ സ്ത്രീയാണോ ട്രാൻസ്ജെൻഡർ വ്യക്തിയാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. ലോഡ്ജിൽ നിന്ന് യുവതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മറ്റൊരാളെയും കണ്ടെത്താനുണ്ട്. പ്രതികൾക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.