
വയനാട്: സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന പരാതിയിൽ പുതിയ വഴിത്തിരിവ്. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. പിടിഎ പ്രസിഡന്റാണ് മദ്യപിച്ച് ബസിൽ കയറിയതെന്നും വിദ്യാർഥികൾ ആരോപിച്ചു. പ്രിൻസിപ്പലിനെതിരെ ചിലർ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
യാത്രയ്ക്കിടെ പിടിഎ പ്രസിഡന്റ് മദ്യപിച്ച് ബസിൽ കയറിയപ്പോൾ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. തുടർന്ന് നടപടി സ്വീകരിച്ച പ്രിൻസിപ്പൽ പിടിഎ പ്രസിഡന്റിനോട് യാത്രയിൽ തുടരാനാകില്ലെന്ന് അറിയിച്ച് പുറത്താക്കിയെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന പരാതി ഉയർന്നത്. യാത്രയ്ക്കിടെ പകർത്തിയ വീഡിയോ പുറത്തുവന്നതോടെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രധാനാധ്യാപകനെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർഥികളുടെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.