
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ അനസ്തീഷ്യ നൽകിയതിന് പിന്നാലെ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പൊലീസ് പ്രതി ചേർത്തു. ആശുപത്രി ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പുതുതായി പ്രതിചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് നടപടി. ചികിത്സാ പിഴവുണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി.
കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ സംഭവത്തിൽ നേരത്തെ തന്നെ പ്രതി ചേർത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 10-നാണ് അനസ്തീഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ കുട്ടി മരണപ്പെട്ടത്. കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്കുണ്ടെന്ന് കാണിച്ച് കുട്ടിയുടെ കുടുംബം നേരത്തെ ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നത് വൈകാൻ കാരണമെന്ന് പയ്യന്നൂർ പൊലീസ് വ്യക്തമാക്കിയിരുന്നു. നിലവിൽ റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.