മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം… മരണ സർട്ടിഫിക്കറ്റിനുള്ള ഏഴുവർഷത്തെ കാലാവധി…



തിരുവനന്തപുരം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴുവർഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. ഇതിനായി നിയമഭേദഗതി വേണമെന്ന ആവശ്യം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം കാണാതായ ഒരാളെ മരിച്ചതായി കണക്കാക്കി മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഏഴുവർഷം പൂർത്തിയാകണം.

മാപ്പുകൾ കാണുക

ഈ കാലതാമസം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തികവും നിയമപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നത്. കാണാതായി ഏഴുവർഷം പൂർത്തിയായ വ്യക്തിഗത കേസുകൾ നിലവിലുണ്ടെങ്കിൽ അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽ, കണ്ടെയ്നർ അപകടങ്ങളിൽ വള്ളവും മീൻപിടിത്ത വലകളും നഷ്ടപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാർ നടപടി വേഗത്തിലാക്കും

ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് വേഗത്തിൽ തീർപ്പാക്കി തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. എം. വിൻസെന്റ്, സി.ആർ. മനോജ് എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. കടലിൽ കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും അപകടങ്ങളിൽ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കാനുമുള്ള സർക്കാർ നീക്കങ്ങൾ നിർണായകമാണ്.

أحدث أقدم