കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. ഹൃദയവാൽവിന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്താമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവ് കാരണം തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും ഇത് മുൻകൂട്ടി അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. രാത്രി ഒമ്പത് മണിയോടെയാണ് രോഗി മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധുക്കൾ സംസാരിച്ചു. ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചതായി അധികൃതർ സമ്മതിച്ചതായി ബന്ധുക്കൾ പറഞ്ഞു. എങ്കിലും ആശുപത്രി അധികൃതർ നിലവിൽ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിയമനടപടികൾ ഉറപ്പാക്കിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കൂ എന്ന കർശന നിലപാടിലാണ് ബന്ധുക്കൾ ഇപ്പോൾ.