വാഹനം തിരിയുമ്പോഴും ലെയ്ൻ മാറുമ്പോഴും ടേൺ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈത്തിൽ ട്രാഫിക് വകുപ്പ് നടപടി ശക്തമാക്കി. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റാണ് പരിശോധനകൾ നടത്തിയത്. റോഡുകളിൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.
വാഹനം തിരിയുമ്പോഴും ഒരു ലെയ്‌നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഇത് പാലിക്കാത്തത് മറ്റ് വാഹനമോടിക്കുന്നവർക്ക് ആശയക്കുഴപ്പവും അപകടസാധ്യതയും സൃഷ്ടിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്ത് ട്രാഫിക് നിയമത്തിലെ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തതിനുള്ള പ്രത്യേക നിയമലംഘനവും, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനങ്ങൾക്ക് പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കുന്നതിനൊപ്പം റോഡിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുടെ ട്രാഫിക് നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും ഡിപ്പാർട്ട്മെൻ്റ് ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലെ പരിശോധനകളും ഫീൽഡ് ക്യാമ്പയിനുകളും തുടരുമെന്ന് വ്യക്തമാക്കി