
കട്ടപ്പന: നഗരത്തിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി. മദ്യലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെ കട്ടപ്പന മാർക്കറ്റ് ജങ്ഷനിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തിയ കുന്തളംപാറ സ്വദേശിനി വീണ സജിയെ മാർക്കറ്റ് ജങ്ഷനിലൂടെ നടന്നുപോകുന്നതിനിടെ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നിൽ മാതാപിതാക്കളുണ്ടെന്ന് മനസിലാക്കിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീണ ഇയാളെ പിന്തുടർന്നു. പുതിയ ബസ് സ്റ്റാൻഡ് ഭാഗം വരെ ഒരു കിലോമീറ്ററോളം പിന്തുടർന്ന യുവതി, വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. കൊച്ചി സ്വദേശിയായ ജാക്സൺ (25) ആണ് പിടിയിലായത്. തുടർന്ന് ഇയാളെ കട്ടപ്പന പോലീസിന് കൈമാറി. രക്ഷപ്പെടുന്നതിനായി അതിഥിത്തൊഴിലാളിയാണെന്ന് പ്രതി പറഞ്ഞെങ്കിലും ഇയാൾ എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. മദ്യപിച്ചെത്തിയ ഇയാൾ രാവിലെ മുതൽ കട്ടപ്പനയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നങ്ങളുണ്ടാക്കിയതായും വിവരമുണ്ട്.