
കൊല്ലം: കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും വ്യാപക നാശനഷ്ടവും അപകടവും. കൊല്ലം കുളത്തൂപ്പുഴയിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ യുവതിയുടെ നില ഗുരുതരമാണ്. കുളത്തൂപ്പുഴയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ സിലോൺമുക്കിലെ മൂന്ന് വീടുകൾക്കും ആറ്റിൻ കിഴക്കേക്കരയിലെ ഒരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വൈദ്യുത വയറിങ്ങുകൾ പൂർണമായും കത്തിനശിച്ചു.
സിലോൺമുക്ക് സ്വദേശി സീതാലക്ഷ്മിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും തറയിലെ ടൈലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ആറ്റിൻ കിഴക്കേക്കരയിലെ ബാലചന്ദ്രന്റെ വീട്ടിൽ കോൺക്രീറ്റ് പാളികൾ ഇളകിത്തെറിച്ചു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ മണ്ണറഭാഗത്ത് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇടിമിന്നലേറ്റ് അപകടമുണ്ടായത്. വീടിന് പുറത്തുള്ള വരാന്തയിലിരുന്ന് പൂവ് കെട്ടുകയായിരുന്ന കീഴാറ്റിങ്ങൽ സ്വദേശികളായ ബിന്ദുലേഖ (53), സഹോദരൻ സതികുമാർ (60) എന്നിവർക്കാണ് ഇടിമിന്നലേറ്റത്.
ബിന്ദുലേഖയുടെ നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റു. സതികുമാറിന്റെ കാലിനും പരിക്കേറ്റു. ഇടിമിന്നലേറ്റ ഇരുവരെയും ആദ്യം ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റാശുപത്രികളിലേക്ക് മാറ്റി. ബിന്ദുലേഖ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സതികുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.