കളമശ്ശേരി കൂട്ടബലാത്സംഗം: ഭാര്യ ആരെയും തിരിച്ചറിയാത്ത അവസ്ഥയിലെന്ന്…. ഭർത്താവ്



കൊച്ചി: എറണാകുളം കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയുള്ള യുവതി ഗുരുതര മാനസികാഘാതത്തിലാണെന്ന് ഭർത്താവ്. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്നും ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും ഭർത്താവ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞതായും അദ്ദേഹം ആരോപിച്ചു. വീട്ടിലെത്തിയപ്പോൾ യുവതിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.

ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തിയാണ് നൽകിയതെന്നാണ് ആരോപണം. നാലിൽ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഭർത്താവിന്റെ മൊഴി. ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോൺ പ്രതികളുടെ കൈവശമായിരുന്നുവെന്നും ഭർത്താവ് ആരോപിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യുവതിയും ചൂഷണത്തിനിരയായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കേസിൽ നിലവിൽ രണ്ട് പേരാണ് അറസ്റ്റിലായത്. പിടിയിലാകാനുള്ള രണ്ട് പേർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവരിൽ ഒരാൾ സ്ത്രീയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മൊബൈൽ ഫോണുകൾ ഉൾപ്പെടെ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളിൽ ഒരാൾക്ക് നാല് സ്പാകൾ ഉള്ളതായി സൂചന ലഭിച്ചതായും പൊലീസ് പരിശോധിക്കുന്നു. പ്രതികളുടെ മുൻ ക്രിമിനൽ പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമാണ്. സ്പായിലെ മാനേജർ തസ്തികയിലേക്കുള്ള ഒഴിവിനായി ഒഎൽഎക്സിൽ നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചതെന്നാണ് വിവരം. ഇന്റർവ്യൂവിന് ശേഷം ജോലി ലഭിച്ചതായി അറിയിച്ച് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
أحدث أقدم