
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ തുടങ്ങിയ നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചു. ഇവരെ ഇവിടെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം ഡൽഹി നഗരത്തിലൂടെ ചുറ്റിച്ച ശേഷമാണ് ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എന്താണ് തങ്ങൾ ചെയ്ത കുറ്റമെന്ന് അറിയില്ലെന്നും പൊലീസ് സാമാന്യ മര്യാദ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ പോലും ഭയപ്പെടുത്തുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും ബ്രിട്ടാസ് പറഞ്ഞു. കേരള ഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ തന്നെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പി. രാജീവ് പറഞ്ഞു. ജയിൽപോലെ അറകളുള്ള വാഹനത്തിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വാഹനത്തിൽ നാല് അറകളുണ്ടായിരുന്നുവെന്നും 15 പേരോളം ഒപ്പമുണ്ടായിരുന്നുവെന്നും രാജീവ് പറഞ്ഞു. പൊലീസ് ബലപ്രയോഗത്തിനിടെ പലർക്കും പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കളടക്കമുള്ളവരെ ബുരാരിയിൽ എത്തിച്ചതായി എളമരം കരീം പറഞ്ഞു. ഏകദേശം 25 പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നുവെന്നും പിന്നീട് ഒരു മുറിയിൽ ഇരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും മോശമായാണ് പെരുമാറിയതെന്നും കരീം ആരോപിച്ചു. അതേസമയം, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കളെ കസ്റ്റഡിയിലെടുത്തതും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്