ഡൽഹി: ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഒരു നടപടിയും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ.
വോട്ടവകാശം വെറും നിയമപരമായ അവകാശമല്ല, ഭരണഘടനയുടെ 326 -ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ അവകാശമാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പേരെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാൻ അഭിപ്രായപ്പെട്ടു.
വോട്ടർപട്ടികയില്‍ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നതിന് മുമ്പ് നോട്ടീസും കേള്‍ക്കാനുള്ള അവസരവും നല്‍കണം. ഭരണപരമായ നടപടികളുടെ പേരില്‍ പോലും പൗരന്മാരുടെ വോട്ടവകാശം യുക്തിരഹിതമായി നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുകളില്‍ ആർക്കും അധികാരമില്ലെന്നും ജഡ്ജി വിവരിച്ചു. ഹൈദരാബാദിലെ നല്‍സാർ (NALSAR) യൂണിവേഴ്സിറ്റിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
വോട്ടർപട്ടികയില്‍ നിന്ന് കൂട്ടമായി പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയിലെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം ഏറെ ചർച്ചയാകുകയാണ്.