
വയനാട്ടിലെ പരമ്പരാഗത കർഷകൻ പത്മശ്രീ ചെറുവയൽ രാമന് വിട. നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമന്റെ മൃതദേഹം നാളെ കമ്മന നവോദയ എൽ പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 9 മുതൽ 12 വരെ പൊതുദർശനം. തുടർന്ന്, കൊടുമയിൽ കുടുംബശ്മശാനത്തിൽ 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയായിരുന്നു മരണം.
വരുംതലമുറയ്ക്കായി പൈതൃക നെൽവിത്ത് സംരക്ഷകൻ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമൻ. . 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.