തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി.) നിന്ന് രാജിവെച്ചുവെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ പൂർണ്ണമായും തള്ളി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ജീവിതാന്ത്യം വരെ പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ഉറച്ചുനിൽക്കുമെന്നും താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തികഞ്ഞ ഭക്തയാണെന്നും അവർ വ്യക്തമാക്കി. ബി.ജെ.പി. വിടുന്നുവെന്ന തരത്തിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങൾ മാത്രമാണെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ കൂടിയായ ശ്രീലേഖ വ്യക്തമാക്കി.
സെപ്റ്റംബർ 30-ന് തിരുവനന്തപുരം മേയർക്ക് താൻ അയച്ച കത്തിനെക്കുറിച്ച് ഉയർന്ന തെറ്റിദ്ധാരണകൾക്കും അവർ വിശദീകരണം നൽകി. ശാസ്തമംഗലം വാർഡിലെ പ്രധാന തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്, തകർന്ന റോഡുകൾ, ഡ്രെയിനേജ് തടസ്സങ്ങൾ, കൗൺസിലർ ഓഫീസിലെ കസേരയും കമ്പ്യൂട്ടറും പ്രവർത്തനരഹിതമായത് ഉൾപ്പെടെയുള്ള ഭരണപരമായ പ്രതിസന്ധികളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും ചൂണ്ടിക്കാട്ടിയാണ് മേയർക്കും ജില്ലാ കളക്ടർക്കും കത്തയച്ചത്. ഈ അടിസ്ഥാന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കൗൺസിലർ പദവി ഒഴിയാൻ പോലും തയ്യാറാണെന്ന് അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അവർ പറഞ്ഞു.
തുടർച്ചയായ ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും കടുത്ത തലവേദനയെ തുടർന്ന് ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് ഡോക്ടർമാർ ഒന്നര-രണ്ട് മാസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് കൗൺസിലർ ഓഫീസിൽ നേരിട്ടെത്താൻ സാധിക്കില്ലെന്ന വിവരം വാർഡിലെ വോട്ടർമാരെ അറിയിക്കുന്നതിനായി മേയർക്കയച്ച കത്തും ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദേശവും വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതാണ് ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കിയതെന്ന് അവർ വെളിപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ പദവി ലഭിക്കാത്തതിനാലോ ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷനിൽ പദവി നൽകാത്തതിനാലോ ആണ് രാജിയെന്ന തരത്തിലുള്ള മാധ്യമ വാർത്തകളെ അവർ പരിഹസിച്ചു തള്ളി. രണ്ടു വർഷം മുൻപ് പാർട്ടിയിലെത്തിയ തനിക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനവും വാർഡ് കൗൺസിലർ പദവിയും ബി.ജെ.പി. നൽകിയിട്ടുണ്ട്. കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ച സമിതിയിൽ താനും ഉൾപ്പെട്ടിരുന്നു. കേന്ദ്രത്തിലെ ഉന്നത പദവികളിൽ തനിക്ക് താല്പര്യമില്ലെന്നും കേരളത്തിൽ താഴേത്തട്ടിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. വിവാദങ്ങൾ ഉയർന്ന ഉടൻതന്നെ സംസ്ഥാന ബി.ജെ.പിയുടെ ഉന്നത നേതാക്കൾ ആശുപത്രിയിലെത്തി തന്നെ കണ്ട് സ്ഥിതിഗതികൾ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
“ഒരു ഡിജിപിയോട് പെട്ടെന്ന് ഒരു ദിവസം പോയി അഞ്ച് വർഷത്തേക്ക് പോലീസ് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ അനുഭവപ്പെടുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ടാണ് താൻ കൗൺസിലറായി മത്സരരംഗത്തിറങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതും. ഇപ്പോൾ ഒരു പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞാൽ ആരും കേൾക്കില്ല; കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ബിജെപിയുടെ ഒരു കൗൺസിലർ പറയുന്നതിന് ഉദ്യോഗസ്ഥർ വില കൽപ്പിക്കുന്നില്ല,” എന്ന് മുൻ പോലീസ് മേധാവി കൂടിയായ ശ്രീലേഖ തുറന്നടിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ താൽക്കാലികമായി മാറിനിൽക്കാൻ ആഗ്രഹിച്ചതിനെ ചിലർ ചതിയായി ചിത്രീകരിച്ചത് സങ്കടകരമാണെന്നും, ശാരീരിക ബുദ്ധിമുട്ടുകൾ മാറിയാലുടൻ അച്ചടക്കമുള്ള ബിജെപി പ്രവർത്തകയായി കൂടുതൽ സജീവമായി രംഗത്തുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.