തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വിവരങ്ങളുമായി കായിക വകുപ്പ്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ. ജെനീഷ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി, സ്പോർട്സ് സെക്രട്ടറി, ഡയറക്ടർ എന്നിവരുടെ വിദേശയാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.