ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നുണ്ട്. നവംബർ 18 – 22 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ അക്വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 21-ാം തീയതി വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി