മൊബൈലിൽ ലൈവ് ടിവി ആപ്പ്; പിന്നാലെ ബാങ്ക് അക്കൗണ്ട് കാലിയായി വയോധികന് നഷ്ടമായത് 1,65,000 രൂപ




കാസർകോട്: സൗജന്യമായി ടിവി ചാനലുകളും സിനിമകളും കാണാമെന്ന വ്യാജ പരസ്യത്തിൽ കുടുങ്ങി കാസർകോട് സ്വദേശിയായ വയോധികന് 1,65,000 രൂപ നഷ്ടമായി. പെരിയകുണിയ സ്വദേശിയായ യൂസഫ് മൊയ്തുവിന്റെ (50) രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.

സംഭവത്തിൽ ബേക്കൽ പോലീസും കാസർകോട് സൈബർ ക്രൈം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം ആറിനും എട്ടിനും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെ 'Live TV' എന്ന പേരിലുള്ള ആപ്പിന്റെ പരസ്യം യൂസഫ് മൊയ്തുവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ഒരു വ്യാജ ആപ്പ് (APK ഫയൽ) ഇദ്ദേഹത്തിന്റെ ഫോണിൽ ഡൗൺലോഡ് ആയി.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആവശ്യപ്പെട്ട അനുമതികൾ നൽകിയതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലായി.

തുടർന്ന് ഫോണിലേക്ക് വന്ന ഒടിപി (OTP) സന്ദേശങ്ങൾ ഉൾപ്പെടെ ചോർത്തിയ തട്ടിപ്പ് സംഘം യൂസഫ് മൊയ്തുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഘട്ടംഘട്ടമായി 1.65 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞയുടൻ ഇദ്ദേഹം പോലീസിൽ പരാതി നൽകി.

സോഷ്യൽ മീഡിയയിൽ വരുന്ന സൗജന്യ സിനിമ, ലൈവ് ടിവി, ലോൺ വാഗ്ദാന പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ലഭിക്കുന്ന APK ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.



أحدث أقدم